1. ആശ്വാസം
സ്നേഹിക്കാനോ വെറുക്കാനോ ദൂരം തടസ്സമല്ല....
എന്നാല്‍ ആശ്വസിപ്പിക്കാന്‍,
എന്റെ കൈപ്പാടിനപ്പുറമുള്ള ദൂരംപോലും
നമ്മളെ വെറും രണ്ട് ശരീരങ്ങളാക്കുന്നു ...
2. സഹതാപം
എനിക്ക് നിന്നോട് സഹതാപം തോന്നുന്നു,
തൂവല്‍ക്കനം കാരണം ആകാശം നഷ്ടപെട്ട ഒരു വീട്ടുപക്ഷിയോടെന്നപോലെ
ചുമലിലുറച്ചുപൊയ ചുമരുകളാല്‍ വേഗത നഷ്ടപ്പെട്ട ഒച്ചിനോടെന്നപോലെ
എനിക്ക് സത്യമായും നിന്നോട് പാവം തോന്നുന്നു
3. സ്നേഹം
അലങ്കാരങളില്ലാത്ത ഭാഷയില്‍
നീ വരച്ചിട്ടത് എന്നെത്തന്നെയായിരുന്നു
ഉപമാനോപമേയങളുപേക്ഷിച്ച
നിന്റെ വാക്കുകള്‍ പ്രണയത്തേക്കാള്‍ തീവ്രമായിരുന്നു
4. പരിഹാസം
കള്ളിമുള്ളിനു വെള്ളമൊഴിക്കാന്‍ ചെന്ന
ഞാന്‍ വിഡ്ഡി....
ഉള്ളം കയ്യില്‍ കുത്തിയതുംപ്പൊരാ
പറഞ്ഞതു കേട്ടില്ലെ
എനിക്കുള്ളിലെന്നും മഴയാണെന്ന്
5.നിസ്സഹായത
എനിക്കുവയ്യിങനെ
മുറിഞ്ഞു മുറിഞ്ഞൊഴുകാന്‍
ഒന്നുകില്‍ എടുത്തെടുത്തെ
-ന്നെയൊരു ചുഴിമാത്രമാക്കു
അല്ലെങ്കില്‍
തുടക്കത്തിലേ അണകെട്ടി
പലതായ് വഴി പിരിക്കൂ
6.നിര്‍വികാരത
പുഴ ഒരു നിശ്വാസമായും
മരുഭൂമി ഒരു ആശ്വാസമായും
ഒതുക്കിപിടിക്കുന്നുണ്ട് മണലിനെ
7.വെറുപ്പ്
വെറുമൊരു പാഴ്ചെടിയാണ് ഞാന്‍ എളുപ്പം പിഴുതെറിയാം ........
നിന്റെ മിഴികള്‍ പെയ്താല്‍ ആദ്യം മുളപൊട്ടുന്നതു ഞാനായിര്‍ക്കും .
8.കൊടും ചതി
ആകാശവീഥിയിലേയും വീട്ടുമ്മറങളിലേയും
ഓരോ നക്ഷത്രവും എന്നെ ചതിക്കുകയാണ്
കുരിശിലേറ്റുമെന്നുറപ്പുള്ള ഒരു തിരുപ്പിറവിയിലേക്ക്
മനസ്സിനെ വഴികാട്ടി
9. നുണ
ചില നിമിഷങളില്‍
നമ്മള്‍
കണ്ണടച്ച് ഇരുട്ടാക്കും
ആ ഇരുട്ടു കൊണ്ട്
പറഞ്ഞു തീരാത്ത
ചില വാചകങളിലെ വിടവടക്കും
വൈകി ഏറെ വൈകി
നാമറിയും
അതിലൂടെ ചോര്‍ന്നുപോയത്
ഒരു ജീവിതം തന്നെയായിരുന്നെന്ന്
സ്വന്തം ജീവിതം , സ്വന്തം മാത്രമല്ലെന്ന്
10. പ്രണയം
കൊത്തിക്കീറാന്‍ കൊക്കുകളോ
കടിച്ചീംബാന്‍ തേറ്റകളൊ
കീറിപ്പൊളിക്കാന്‍ കൂര്‍ത്തനഖങളോ
വരിഞ്ഞു മുറുക്കാന്‍ ശല്‍ക്കങളോ
തുഴഞ്ഞകലാന്‍ ചിറകുകളോ
ഇല്ലാതെ എത്രസുന്ദരമായ
പാത്രത്തിലാണ് മനുഷ്യപ്രണയമേ
ദൈവം നിന്നെ നിറച്ചിരിക്കുന്നത്.............
11. ലാളനം
ഉപ്പുപോലൊരു വാക്കു രുചിച്ചിട്ടുണ്ടോ,
കല്ലുപ്പുപോലൊരു വാക്ക്?
എത്ര കടുത്തതായാലും
നനവിനോടലിയുന്നത്
മുറിവില്‍ നീറിയുണക്കുന്നത്.
... ഓര്‍മ്മകളെ ഉറക്കിടുന്നത്.
പാതി മയക്കത്തിലും രുചിച്ചുപോവുന്നത്
ഏത് പനിക്കിടക്കയിലും നാവിലലിയുന്നത്.
12. കപടത്വം
കൃഷ്ണഭക്തി, അല്ല പ്രണയം ഒരു ഭ്രാന്തായപ്പോള്‍
എനിക്ക് മനസ്സിലായി മനുഷ്യനും ദേവനും ഇടക്കുനില്‍ക്കുന്നു എന്റെ സങ്കല്പം
എന്ന്.
ഒരിക്കലും ഒന്നു കാണുവാന്‍ മാത്രമായി.. ഒരു മനുഷ്യനും വിളിക്കില്ലെന്നു
ഒരിക്കലും , ഒരു ദേവനും എന്റെ പ്രണയത്തെ ഉപേക്ഷിച്ച് പോവാനാവില്ലെന്ന്
13. വിഡ്ഢിത്തം
ദിവസത്തിലൊറ്റൊയൊരിക്കല്‍
ഒരു തറപ്പിച്ചനോട്ടത്തിനായ്
കഴുത്തൊടിക്കുന്ന മഞ്ഞപ്പൂവേ കഷ്ടം
നിന്റെ ശരിയായ പേരുപോലും മറന്നെല്ലാരും
14. സമര്‍പ്പണം
നീര്‍ത്തുള്ളി പറഞ്ഞു ;
കൂട്ടം തെറ്റിയതല്ല,
തുനിഞ്ഞിറങിയതാണ്
കൂട്ടുകാരോടും വീട്ടുകാരോടും
പിണങി പിരിഞ്ഞ്
ഒരു നിമിഷത്തേക്കെങ്കിലും
നിന്റെ കണ്ണിലൊരു മഴവില്ലാവാന്‍
15. അറിവ്
എന്നും മിണ്ടാറുണ്ട് ,
ഒന്നും പറയാറില്ല............
16. നിറവ്
ഒരു പള്ളിമണിയോളം വാചാലയാണ്..........ഏകാകിയും
17. തിരിച്ചറിവ്
നിന്റെ മനസ്സിന്റെ ഒളിസങ്കേതത്തിലെവിടെയോ ബന്ധിയാാക്കുന്നതും കാത്ത്
യാത്രപുറപ്പെട്ട ഒരു വിനോദസഞ്ചാരിയായെന്നെ വായിച്ചോളൂ.............
18. പറയാന്‍ ഭയന്നത്
ഇരുട്ടില്‍ മാത്രമേ എനിക്ക് നിന്നെ ആവശ്യമുള്ളു
ഇരുട്ടില്‍ എനിക്ക് മാത്രമേ നിന്നെ ആവശ്യമുള്ളു